Thursday, September 29, 2011

പിഴച്ച ഓപ്പറേഷന്‍ (കുഞ്ഞുകഥ)

സദാനന്ദന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ നോക്കി കണ്ണ് മിഴിച്ചു.

'അപ്പോള്‍ ലേഡിഡോക്ടര്‍ പറഞ്ഞത് ശരിയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയാണ് .'

ഇതെങ്ങനെ സംഭവിച്ചു ? അയാള്‍ കുഴങ്ങി. സദാനന്ദന്‍ രണ്ടു വര്‍ഷം മുന്‍പ് ഓപ്പറേഷന്‍ ചെയ്തതാണ്. അതിന് സര്‍ക്കാര്‍ വക സമ്മാനങ്ങള്‍ കിട്ടി. പിന്നെ ഓഫീസില്‍ നിന്ന് അതിന്റെ ഇന്‍ക്രിമെന്റ് വാങ്ങി. എന്നിട്ടിപ്പോള്‍ ! ഓപ്പറേഷന്‍ ചെയ്ത മമ്മത് ഡോക്ടര്‍ക്ക് തെറ്റിയോ ?

സദാനന്ദന്‍ റിപ്പോര്‍ട്ടും കൊണ്ട് മമ്മത് ഡോക്ടറിന്റെ അടുക്കല്‍ ചെന്നു. ഡോക്ടര്‍ റിപ്പോര്‍ട്ട്‌ നോക്കി. ഏതായാലും തന്നെ ഒന്ന് പരിശോധിക്കാം എന്നായി ഡോക്ടര്‍. പരിശോധന കഴിഞ്ഞു ഡോക്ടര്‍ പറഞ്ഞു- " എന്റെ ഓപ്പറേഷന്‍ പിഴച്ചിട്ടില്ല .. സദാനന്ദന്‍ വീട്ടില്‍ ചെന്നു ഭാര്യയോട്‌ ചോദിക്ക്.. "

അയാള്‍ വിഷമത്തോടെ വീടെത്തി. അയാള്‍ ഭാര്യയോട്‌ ഡോക്ടര്‍ പറഞ്ഞ കാര്യം പറഞ്ഞു. അവള്‍ അയാളുടെ മുടിയില്‍ തലോടിക്കൊണ്ടു പറഞ്ഞു- " ഉം ... എനിക്കറിയാം . അയാള്‍ ഒരു കള്ളനാ.. " അയാള്‍ക്ക്‌ ആശ്വാസമായി .

അയാള്‍ ഏറ്റുചൊല്ലി- " അതെ പൊന്നെ. എനിക്കും തോന്നി. മമ്മത് ഡോക്ടര്‍ ഒരു കള്ളനാ.. "

ഭാര്യ മെല്ലെ ചിരിച്ചു.


Monday, September 5, 2011

പട്ടം പറത്തല്‍

കാറ്റിന്റെ തോളിലേറി എന്റെ പട്ടം

ആകാശം പൂകുന്നനേരം,

അതോടൊപ്പം മുകളിലെത്തുന്നത്

എന്റെ കണ്ണുകള്‍ മാത്രമല്ല...

നൂലിഴകളിലൂടെ പടര്‍ന്നു കയറുന്നു..

എന്റെ ദേഹിയും.

മേലാപ്പില്‍ നിന്ന് ഞാന്‍ കാണുന്നു

നിന്നെ,

നിന്റെ പാതകളില്‍ പതിയിരിക്കുന്ന

ഒരു പറ്റത്തെ..

നിനക്ക് തെറ്റുന്ന വഴികളെ …

വഴികള്‍ ചേര്‍ത്തോരുക്കുന്ന വലകളെ.

പിന്നെ,

ഭൂമിയില്‍ നിലകൊണ്ട് നൂലിഴ പിടിച്ച്

എന്നെ നിയന്ത്രിക്കുവാന്‍ വെമ്പുന്ന

എന്നെയും !!

പട്ടം പറത്തി അതിലേറി വരൂ...

നമുക്ക് ദര്‍ശിക്കാം ഭൂമിയുടെ പരമാര്‍ത്ഥം .

കുന്നിടങ്ങള്‍ ഒളിപ്പിച്ച

ദുര്‍ബ്ബലതകള്‍ വെളിപ്പെടും.

ആകാശത്തിന്റെ മൌനമുദ്രയുടെ ഹേതുവും ,

വെള്ളരേഖകള്‍ കോറിയിട്ട രൂപങ്ങളിലെ

യാഥാര്‍ത്ഥ്യവും അറിഞ്ഞിടാം

പക്ഷെ

ചിലപ്പോള്‍ നൂല് പൊട്ടും

കാറ്റില്‍ ആടിയുലഞ്ഞ് തെന്നിയിറങ്ങി

കൂര്‍ത്ത ചില്ലകളിലോ

മുള്ളുകളിലോ ചെന്നുപതിക്കും.

ഉയര്‍ന്നു പൊന്തിയതിന്റെ 'ശിക്ഷ'.