Wednesday, August 10, 2011

വാക്കുകള്‍ക്കായി കാത്തിരിക്കുമ്പോള്‍

വാക്കുകള്‍ എല്ലായ്പ്പോഴും നമ്മെ നാണം കെടുത്തുവാന്‍..

വര്‍ത്തമാന പത്രത്തിലൂടെ , ടെലിവിഷനിലൂടെ,

പിന്നെയും അനേകം വാതായനങ്ങളിലൂടെ

വെറുപ്പിക്കുന്ന ചിത്രങ്ങളും

വെറി പിടിപ്പിക്കുന്ന ചിന്തകളുമായി

വേദനകളും പരിദേവനങ്ങളുമായി

വീടിന്റെയുള്ളില്‍ അതിക്രമിചെത്തുന്നു.

എന്നിട്ടും എന്തുകൊണ്ടെന്നറിയില്ല..

മുഷിഞ്ഞിട്ടും കണ്ണ് നൊന്തിട്ടും

നാം അവയുടെ വരവിനായി കാത്തിരിക്കുന്നു.


എന്നെങ്കിലും
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞ്

കുഞ്ഞരി പല്ലുകളായി മുളയ്ക്കുമെന്ന് ,

ചിറകു വിടര്‍ത്തി ശലഭങ്ങളായോ, കിന്നരികളായോ

തുമ്പപ്പൂവുകളായോ വെള്ളിനക്ഷത്രങ്ങളായോ

മാറുമെന്ന് നമ്മള്‍ നിനച്ചുവോ ?


പക്ഷെ,

നെടുവീര്‍പ്പിന്റെ, മൌനത്തിന്റെ തേങ്ങലിന്റെ തമസ്സില്‍

വാക്കുകള്‍ തോറ്റോടുകയാണല്ലോ !

ഏന്തേ പിന്നെയും പിന്നെയും നാം കാത്തിരിക്കുന്നു ?



Wednesday, August 3, 2011

ഇനിയുമുണ്ടാകുമോ മഴ ?

ആദ്യത്തെ മഴത്തുള്ളി മേനിയില്‍ വീണപ്പോള്‍
ഭൂമി കോരിത്തരിച്ചു.

മഴത്തുള്ളിക്ക് എത്ര മധുരം!

പിന്നെ പ്രഭാതങ്ങള്‍ മടിയോടെ കുളിരിനെ
കൈവിട്ടെഴുനെല്‍ക്കുവാന്‍ ആയിരുന്നു.
വെട്ടം മങ്ങിയ പകലുകളില്‍
നനഞ്ഞൊട്ടിയതിന്റെയാണാലസ്യം.
ഉച്ചയ്കൊരോര്‍മയായ് വെയിലുരുക്കം ...
സന്ധ്യകള്‍ ഏറെയിരുണ്ടുപോയി ...
അമര്‍ത്തി പുണര്‍ന്നേറ്റു ചൂടേകിയ
മനസ്സിന് രാവേറെ നന്ദി ചൊല്ലി.

പോകെ പോകെ കഥ മാറി
മഴപ്പാട്ടിന്‍ ഈണങ്ങള്‍ വേറെയായി !

സന്ധി ചെരാത്തോരീ മഴമട്ടില്‍
അന്ധാളിച്ചീടുന്ന പുഴമനസ്സ് !
പിന്നെ ജലത്തിന്റെയൂക്കിലെങ്ങോ
കെട്ടിമറിയുന്നോരാണത്തം.
കുത്തിയൊലിച്ചുപോയി അഗാധഗര്‍വ്വം
ഉലഞ്ഞു നിരതെറ്റുന്ന വിഹ്വലത !
പിന്നെ മഴയുടെ ഉപ്പുരസത്തില്‍ ആണ്ടുകിടന്നു ഭൂമി.

പെയ്യാതിരുന്നു പെയ്തിട്ടോ മഹാമാരീ
നിനക്കിന്നിത്രമേല്‍ കാലുഷ്യം
ഒടുക്കം അടങ്ങി ഒതുങ്ങിച്ചുരുങ്ങി
പെയ്തൊടുങ്ങി തളര്‍ന്നീടും മഴ.
എങ്കിലും ഭൂമി ചോദിക്കുന്നു -
ഇനിയുമുണ്ടാകുമോ
മറ്റൊരു മഴ ?